സിൽവർ ലൈൻ പദ്ധതി പൂർണമായി മരവിപ്പിച്ച് സർക്കാർ; ഉത്തരവിറങ്ങി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതികൾ പൂർണമായി മരവിപ്പിച്ച് സർക്കാർ. ഭൂമിയേറ്റെടുക്കാൻ നിർദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും മടക്കി വിളിച്ചു. സിൽവർ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്.
പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. രണ്ട് മാസം മുമ്പാണ് ഇവരുടെ കാലാവധി നീട്ടി നൽകിയത്. സാമൂഹികാഘാത പഠനം തൽക്കാലം നടത്തേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും ഉത്തരവിൽ പറയുന്നു. സിൽവർ ലൈനിൽ നിന്നും ഒരു കാരണവശാലും പുറകോട്ടില്ലെന്നാണ് നേരത്തേ സർക്കാർ പറഞ്ഞിരുന്നത്.