വിഴിഞ്ഞം തുറമുഖത്തെ തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന് പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ. വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന സമരസമിതിയുടെ പ്രധാന ആവശ്യം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തി തീരശോഷണം ഉണ്ടായോ എന്ന് പരിശോധിക്കണമെന്നാണ്. ലത്തീൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തടസ്സപ്പെട്ടിരിക്കുകയാണ്.

സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്‍റെ മുൻ അഡി. ഡയറക്ടർ എം.ഡി.കുന്ദലെയാണ് സമിതിയുടെ ചെയർമാൻ. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ.റജി ജോൺ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ.തേജൽ കനിത്കർ, കണ്ട്ല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എഞ്ചിനീയർ ഡോ. പി.കെ. ചന്ദ്രമോഹൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമരസമിതി പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

തീരശോഷണം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹാരം നിർദ്ദേശിക്കാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരശോഷണം കണ്ടെത്തിയിട്ടില്ലെങ്കിലും നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചതെന്ന് ഉത്തരവിൽ പറയുന്നു. 2014ലാണ് വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് പാരിസ്ഥിതിക അനുമതി ലഭിച്ചത്. ഇതിനെതിരെ ചിലർ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു. 2015 ലാണ് നിർമ്മാണം ആരംഭിച്ചത്.