സീറോ ബഫർസോൺ റിപ്പോർട്ടും 2021ലെ ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടും ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചു. 2021 ൽ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. റിപ്പോർട്ട് സർക്കാർ വെബ് സൈറ്റുകളിൽ ലഭ്യമാണ്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആളുകൾക്ക് പരാതികൾ നൽകാം. ജനവാസ മേഖലകളെ ബഫർസോണിൽ നിന്ന് ഒഴിവാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ബഫർ സോൺ വിഷയത്തിൽ പരാതികളും ആശങ്കകളും ഉന്നയിക്കുന്നതിന് പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഭൂപടം പിന്നീട് പ്രസിദ്ധീകരിച്ചു. വിട്ടുപോയ നിർമ്മാണങ്ങൾ ചേർക്കാനും നിർദ്ദേശമുണ്ട്.

പഞ്ചായത്ത് തലത്തിൽ സർവകക്ഷി യോഗങ്ങൾ വിളിക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വാർഡ് തലത്തിൽ പരിശോധന നടത്തണം. വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, വനംവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തേണ്ടത്. നടപടികൾ വേഗത്തിലാക്കാൻ പഞ്ചായത്തുകൾക്കും നിർദ്ദേശമുണ്ട്.