സജി ചെറിയാനെ മന്ത്രിയാക്കണമെന്ന സർക്കാർ ശുപാർശ; നിയമോപദേശം തേടി ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. ഹൈക്കോടതിയിലെ ഗവർണറുടെ അഭിഭാഷകനോടാണ് നിയമോപദേശം തേടിയത്. മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കും.

സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി നാലിന് നടത്തണമെന്നായിരുന്നു സർക്കാരിന്റെ ശുപാർശ. നാലാം തീയതി സത്യപ്രതിജ്ഞയ്ക്ക് സമയം തേടി സർക്കാർ ഗവർണർക്ക് കത്തയച്ചിരുന്നു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ സജി ചെറിയാനെതിരേ തിരുവല്ല കോടതിയിൽ കേസ് നിലവിലുണ്ട്.

ജൂലൈ ആറിനാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഏകകണ്ഠമായാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്.