സർക്കാർ അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിർമാണം നടത്തണമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇലന്തൂരിൽ നരബലിയുടെ പേരിൽ രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അന്ധവിശ്വാസത്തിനും അധാർമ്മികതയ്ക്കുമെതിരെ സംസ്ഥാന സർക്കാർ ഉടൻ അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ശാസ്ത്ര ബോധവും യുക്തിചിന്തയും സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കപ്പെടണം എന്ന അവബോധത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
ശാസ്ത്രചിന്ത സമൂഹത്തിൽ നിന്നും വ്യക്തിജീവിതത്തിൽ നിന്നും എത്രമാത്രം അകലെയാണെന്ന് തെളിയിക്കുന്ന ഇത്തരം സംഭവങ്ങൾക്ക് കേരളം മുൻകാലങ്ങളിലും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ ആന്റി സൂപ്പര്‍സ്റ്റിഷ്യന്‍ ആന്റ് ബ്ലാക്ക് മാജിക് ആക്ട്, കർണാടകയിലെ കർണാടക പ്രിവൻഷൻ ആൻഡ് ഇറേഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആൻഡ് ബ്ലാക്ക് മാജിക് ആക്ട് എന്നിവയുടെ മാതൃകയിൽ കേരളത്തിൽ അടിയന്തരമായി ഒരു നിയമം കൊണ്ടുവരണമെന്ന് കാനം രാജേന്ദ്രൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.