‘ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ സർക്കാർ തീരുമാനം സ്വാഗതാർഹം’

കോഴിക്കോട്: സ്കൂളുകളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ.

‘ജനവികാരം മനസ്സിലാക്കി സർക്കാർ നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യ സംവിധാനത്തെ കൂടുതൽ വ്യക്തതയുള്ളതാക്കും. ഒരേ വേഷവും ഒരുമിച്ചിരുത്തലും നടപ്പാക്കുന്നതിനു പകരം ലിംഗനീതി ഉറപ്പാക്കുകയാണു വേണ്ടത്. സ്ത്രീകൾ രണ്ടാംതരം പൗരൻമാരല്ല. അവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒരു പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകളെ ബഹുമാനിക്കാൻ പുതുതലമുറയെ പഠിപ്പിക്കണം. അത് ക്ലാസ്‌റൂമിൽ ഇടകലർത്തിയിരുത്തിക്കൊണ്ട് സൃഷ്ടിക്കേണ്ട ഒരു ബോധമല്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള, പ്രകൃത്യാ ഉള്ള വൈവിധ്യത്തെ ഇല്ലാതാക്കാൻ വേഷംമാറിയിട്ട് കാര്യമില്ല.

തെറ്റായ തീരുമാനങ്ങളിലൂടെ ശരിയിലേക്ക് വരാൻ കഴിയില്ല. കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസം കൈവരിച്ച മികവ് ഇല്ലാതാക്കാൻ മാത്രമേ ഇത്തരം നടപടികൾ ഉപകരിക്കൂ. തീരുമാനം പുനഃപരിശോധിക്കാനും തിരുത്താനും തയ്യാറുള്ള വിദ്യാഭ്യാസ വകുപ്പ് അഭിനന്ദനമർഹിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.