സർക്കാരിൻ്റെ മൂന്നാം നൂറുദിന കര്‍മ്മപരിപാടി; ആലോചനായോഗം ചേര്‍ന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേർന്നു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 10ന് ആരംഭിച്ച് മന്ത്രിസഭയുടെ രണ്ടാം വാർഷികമായ മെയ് 20ന് അവസാനിക്കുന്ന വിധത്തില്‍ പരിപാടി ആസൂത്രണം ചെയ്യും.

2022-23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വകുപ്പും പരമാവധി പരിപാടികളെ 100 ദിന പരിപാടികളുടെ ഭാഗമാക്കണം. ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ 100 ദിന പരിപാടിയാണിത്. 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് ആദ്യ 100 ദിന പദ്ധതി നടപ്പാക്കിയത്. അക്കാലത്ത് 100 പദ്ധതികളാണ് നടപ്പാക്കിയത്. 2022 ഫെബ്രുവരി 10 മുതൽ മെയ് 20 വരെയാണ് രണ്ടാമത്തെ 100 ദിന പദ്ധതി നടപ്പാക്കിയത്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 1,557 പദ്ധതികളാണ് 100 ദിന പരിപാടിയിൽ നടപ്പാക്കിയത്.