തെളിവില്ലാത്ത കേസുകളിൽ പ്രതിയാക്കാൻ സർക്കാർ കാട്ടുന്ന ജാഗ്രത പ്രശംസനീയം;കെ സുധാകരൻ
1995ലെ ട്രെയിനിലെ വെടിവെയ്പ് കേസിലും മോൻസൺ മാവുങ്കൽ കേസിലും തന്നെ കുടുക്കാനാണ് സർക്കാരും ആഭ്യന്തര വകുപ്പും ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. “തെളിവില്ലാത്ത കേസുകളിൽ തന്നെ പ്രതിയാക്കാൻ സർക്കാർ കാണിച്ച ജാഗ്രത അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുക എന്നതാണ് ജനാധിപത്യ ശൈലി. മറിച്ച് ഗൂഡാലോചനയിലൂടെയും വളഞ്ഞ വഴിയിലൂടെയും വേട്ടയാടാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്.
മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പകപോക്കലിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു. ദേശവിരുദ്ധ പരാമർശം നടത്തിയ കെ.ടി ജലീലിനെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണ്.
രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ താൽപര്യമുള്ള ആഭ്യന്തര വകുപ്പ് എന്തുകൊണ്ടാണ് എൽഡിഎഫ് നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കുന്നത്? യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകിയിട്ടും ആഭ്യന്തര വകുപ്പിന് അതിനോട് ഒട്ടും താൽപര്യമില്ല” എന്ന് അദ്ദേഹം പറഞ്ഞു.