‘ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെ സർവകലാശാലകളുടെ അന്തകൻ’

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനോരോഗിയാണെന്നും സംസ്ഥാനത്തെ സർവകലാശാലകളുടെ അന്തകനാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഗവർണർക്ക് മാധ്യമ മാനിയ ആണെന്നും ജയരാജൻ ആരോപിച്ചു. സർവകലാശാലയിലെ സിപിഎം അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സർവകലാശാലാ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാരണം കാണിക്കൽ നോട്ടീസ് നൽകാതെ ഗവർണർ കാര്യങ്ങളിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്. അദ്ദേഹം നല്ല ബുദ്ധി നഷ്ടപ്പെട്ട് മനോരോഗത്തിനടിമയായി. സ്ഥലം മാറ്റിയാൽ മാറിപ്പോകേണ്ട ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ഗവർണർ. സർക്കാരിന്റെ തീരുമാനങ്ങളിൽ ഒപ്പിടാൻ മാത്രം അനുവാദമുള്ളയാളാണു ഗവർണറെന്നും ജയരാജൻ പറഞ്ഞു.
ഗവർണറുടെ സമനില തെറ്റിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതു മോശം ഭാഷയാണ്. ഗവർണർക്ക് സമനില തെറ്റി. എന്തോ സംഭവിച്ചിട്ടുണ്ട്. ആഗ്രഹിച്ച എന്തോ നടക്കാതെ പോയി. ഗവർണർ ആർഎസ്എസ് സേവകനായി. സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. ഇർഫാൻ ഹബീബിനെ തെരുവ് തെണ്ടിയെന്നു വിളിച്ചെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു.