ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ലോകായുക്ത നിയമത്തിലെ ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ പുതുക്കാന്‍ ഒപ്പിടാതെ ഗവര്‍ണര്‍. ജൂലൈ 27ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം പാസാക്കാത്ത 11 ഓർഡിനൻസുകൾ പുതുക്കാൻ തീരുമാനിച്ചത്. ശുപാർശ 28ന് രാജ്ഭവനിലെത്തിയിരുന്നു. തിങ്കളാഴ്ച കാലാവധി തീരുന്ന ഓർഡിനൻസുകൾ പുതുക്കിയില്ലെങ്കിൽ ഈ നിയമങ്ങൾ അസാധുവാകും.

വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോയ ഗവർണർ ഓഗസ്റ്റ് 11നേ മടങ്ങി വരൂ എന്നാണ് റിപ്പോർട്ട്. ഓർഡിനൻസുകൾ അംഗീകരിക്കാനോ തിരിച്ചയക്കാനോ ഗവർണർ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജ്ഭവൻ സർക്കാർ പ്രതിനിധികളെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
കേരള ലോകായുക്ത ഭേദഗതി- രണ്ട്(പുതുക്കിയ തവണ), കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി- മൂന്ന്, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും- ഏഴ്, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി- രണ്ട്, കേരള മാരിടൈം ബോര്‍ഡ് ഭേദഗതി- രണ്ട്, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ്- ഒന്ന്, കേരള പൊതുമേഖലാ നിയമന ബോര്‍ഡ്- ഒന്ന്, കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്- അഞ്ച്, ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സചര്‍- അഞ്ച്, കേരള ജൂവലറി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട്- ആറ്, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ്പ് വികസനവും- രണ്ട് എന്നിവയാണ് ഗവര്‍ണര്‍ ഒപ്പിടേണ്ട ഓര്‍ഡിനന്‍സുകള്‍.