സർവകലാശാല നിയമ ബില്ലിൽ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍
കോട്ടയം: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സൂചന നൽകി. സർക്കാർ ചൂണ്ടിക്കാണിക്കുന്നിടത്ത് ഒപ്പിടാനുള്ള റബ്ബർ സ്റ്റാമ്പല്ല താനെന്ന് ഗവർണർ ആവർത്തിച്ചു. സർവകലാശാലാ നിയമ ഭേദഗതിയുടെയും ലോകായുക്ത നിയമ ഭേദഗതിയുടെയും പേര് പരാമർശിക്കാതെ അദ്ദേഹം ഉള്ളടക്കത്തെ ചോദ്യം ചെയ്തു. ഇതുവരെ നടന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും നിയമവിധേയമാക്കാനാണ് ബില്ലുകൾ ഉദ്ദേശിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.
സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഒപ്പിടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവർണർ. “സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ല. ബന്ധുനിയമനം അനുവദിക്കില്ല. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് ഒരു സ്റ്റാഫ് അംഗത്തിന്‍റെ ബന്ധുവിനെ നിയമിക്കാൻ കഴിയുക? സ്വയംഭരണം പരിപാവനമായ ആശയമാണ്. ഭരണഘടനാപരമായ തീരുമാനം മാത്രമേ എടുക്കൂ.” ഗവർണർ പറഞ്ഞു.
ഇന്ത്യയ്ക്കു പുറത്ത് ഉടലെടുത്ത രാഷ്ട്രീയ ആദർശം മുറുകെപ്പിടിക്കുന്ന ഒരു പാർട്ടി ഭീഷണിപ്പെടുത്തി ഭരിക്കാമെന്നാണ് കരുതുന്നത്. ഞാൻ അവരുടെ പേരുകൾ പറയുന്നില്ല. ഭീഷണിപ്പെടുത്തി അവർ എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുകയാണ്, ഗവർണർ പറഞ്ഞു.