‘ഗവർണർ ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു’

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിയും മോദി സർക്കാരും സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുഖപത്രമായി ഗവർണർ മാറിയിരിക്കുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം ഗവർണർ പ്രവർത്തിക്കണമെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ പറഞ്ഞു.

വക്രമായ രീതിയിൽ ജനകീയ സർക്കാരിനെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പിടിവാശി ഇതിന്‍റെ ഭാഗമാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും ഗവർണർമാർ സംസ്ഥാന മന്ത്രിസഭകളുടെ ഉപദേശപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും ഇന്ത്യയുടെ പാർലമെന്‍ററി ജനാധിപത്യം അനുശാസിക്കുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര ഏജൻസികളെ വിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ കോൺഗ്രസ് നേതാക്കളും കേന്ദ്രത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ലേഖനത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരെ ശക്തമായ നിലപാടാണ് സിപിഐ(എം) സ്വീകരിച്ചത്.