മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ച്ചയെ ന്യായീകരിച്ച് ഗവർണർ
തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്ദർശനം വ്യക്തിപരമാണെന്നും ഔദ്യോഗികമല്ലെന്നും രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗവർണർ പറഞ്ഞു. ആർഎസ്എസ് നിരോധിത സംഘടനയല്ലെന്നും എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടെങ്കിൽ രാഷ്ട്രപതിക്ക് പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രി ആർഎസ്എസ് ജില്ലാ കാര്യവാഹക് ടി വി മണികണ്ഠന്‍റെ തൃശൂർ അവിണിശ്ശേരിയിലെ വീട് സന്ദർശിച്ച ഗവർണർ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന യുദ്ധം തുടരുന്ന ഗവർണറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് ഗവർണർ വാർത്താസമ്മേളനവുമായി മുന്നോട്ട് പോയത്. വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി വി പി ജോയ് രാജ്ഭവനിലെത്തി സ്ഥിതിഗതികൾ വിശദീകരിച്ചെങ്കിലും ഗവർണർ വഴങ്ങിയില്ല.