മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രണ്ടു ചാനലുകളെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ട് ചാനലുകളെ പുറത്താക്കി. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവർണർ കൈരളിയോടും മീഡിയ വൺ ചാനലിനോടും പുറത്തുപോകാൻ ആവശ്യപ്പെട്ടു. സർവകലാശാല വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ഗവർണറുടെ നടപടി.

അതേസമയം വൈസ് ചാൻസലർമാരുടെ മറുപടി വായിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് ഗവർണർ പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയെ വിമർശിക്കാൻ കഴിയില്ല. അതുപോലെ, താൻ നിയമിച്ചവർ തന്നെ വിമർശിക്കാൻ പാടില്ല. സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നും ഗവർണർ ആരോപിച്ചു.

മേയർ കത്ത് നൽകിയെന്നതിൽ ഉൾപ്പെടെ സർക്കാർ ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. സർവകലാശാലകളിലും ഇത്തരം നിയമനങ്ങളുണ്ട്. അതുകൊണ്ടാണ് അവർ ജനങ്ങളോട് മറുപടി പറയേണ്ടത്. അത്തരം ധാരാളം കത്തുകളുണ്ട്. അതും ഉടൻ പുറത്തുവരും. നിയമവകുപ്പും എ.ജിയും ഉണ്ടായിട്ടും നിയമോപദേശത്തിനായി മാത്രം ലക്ഷങ്ങളാണ് സർക്കാർ ചെലവഴിക്കുന്നതെന്നും ഗവർണർ പറഞ്ഞു.