നിയമോപദേശം തേടാനൊരുങ്ങി ഗവർണർ; ചാൻസലർ ബിൽ രാഷ്ട്രപതിക്ക് വിടാൻ സാധ്യത

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഉടൻ നിയമോപദേശം തേടാനൊരുങ്ങി ഗവർണർ. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടേക്കും. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലായതിനാൽ സംസ്ഥാനത്തിന് മാത്രം മാറ്റം സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് രാജ്ഭവന്‍റെ നിലപാട്.

13ന് നിയമസഭ പാസാക്കിയ ബിൽ കഴിഞ്ഞ ദിവസമാണ് ഗവർണർക്ക് അയച്ചത്. ഉത്തരേന്ത്യയിലുള്ള ഗവർണർ ജനുവരി മൂന്നിന് കേരളത്തിലേക്ക് മടങ്ങിയെത്തും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനാണ് ബിൽ ആവശ്യപ്പെടുന്നത്. ബില്ലിന്‍റെ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്‍റെ തീരുമാനം.