ഗവർണർ കടുത്ത നടപടികളിലേക്ക്; കേരള സര്‍വകലാശാല സെനറ്റിന്റെ വിവരങ്ങൾ നൽകാൻ നി‍ര്‍ദേശം

തിരുവനന്തപുരം: കേരള സർവകലാശാല വിസി സെലക്ഷൻ കമ്മിറ്റിയിലെ പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാതെ പിരിച്ചുവിട്ട സംഭവത്തിൽ കർശന നടപടിയുമായി ഗവർണർ. ക്വാറം പൂർത്തിയാക്കാതെ പിരിച്ചുവിട്ട കേരള സെനറ്റ് യോഗത്തിന്‍റെ വിശദാംശങ്ങളാണ് ഗവർണർ തേടിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉടനടി നൽകണം.

വൈസ് ചാൻസലർക്ക് കത്ത് നൽകി യോഗത്തിൽ പങ്കെടുക്കാത്ത ഗവർണറുടെ നോമിനികളെ പിൻവലിക്കാനും സാധ്യതയുണ്ട്. ഗവർണർ നാമനിർദ്ദേശം ചെയ്ത ഒൻപത് പേരിൽ ഏഴ് പേരും ഇടത് അംഗങ്ങൾക്കൊപ്പം വിട്ടു നിന്നു.

വി.സി സെലക്ഷൻ കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുമ്പ് തീരുമാനിക്കണമെന്ന ഗവർണറുടെ മുന്നറിയിപ്പിനെ തുടർന്ന് വിളിച്ചുചേർത്ത സെനറ്റ് യോഗം ക്വാറം പൂർത്തിയാക്കാത്തതിനെ തുടർന്ന് പിരിഞ്ഞു. വി.സിയും ഗവർണറുടെ രണ്ട് പ്രതിനിധികളും ഉൾപ്പെടെ 13 പേരാണ് യോഗത്തിൽ പങ്കെടുത്തത്. ആകെ 19 പേരാണ് ക്വാറം പൂർത്തിയാക്കാൻ വേണ്ടിയിരുന്നത്.