സെനറ്റ് പ്രതിനിധികളെ പിന്‍വലിച്ച് കടുത്ത നടപടിയുമായി ഗവര്‍ണർ

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചു. ചാൻസലറുടെ 15 നോമിനികളെ പിൻവലിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതിനെ തുടർന്നാണ് അംഗങ്ങളെ പിൻവലിച്ചുള്ള അസാധാരണമായ നീക്കം. ശനിയാഴ്ച മുതൽ 15 അംഗങ്ങളെ അയോഗ്യരാക്കിയതായി കാണിച്ച് ചാൻസലർ കൂടിയായ ഗവർണർ കേരള സർവകലാശാല വി.സിക്ക് കത്തയച്ചു. പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റിലെ അംഗങ്ങളാണ്.

ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് വി.സി നിയമനത്തിനായുള്ള സർവകലാശാല പ്രതിനിധിയെ തീരുമാനിക്കുന്നത് ചർച്ച ചെയ്യാനാണ് ഇന്നലെ യോഗം ചേർന്നത്. എന്നാൽ 91 അംഗ സെനറ്റിൽ പങ്കെടുക്കാൻ എത്തിയത് 13 പേർ മാത്രമായിരുന്നു.

ഗവർണർ നാമനിർദ്ദേശം ചെയ്ത 13 അംഗങ്ങൾ ഉണ്ടെങ്കിലും രണ്ട് പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളുടെ പ്രകടനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്.