ഒപ്പിടാതെ ഗവർണർ; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സർക്കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതിനെ തുടർന്ന് ഓർഡിനൻസുകൾ അസാധുവായ സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെയാണ് സമ്മേളനം. അസാധുവായ 11 ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്.
ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച 11 ഓർഡിനൻസുകളിൽ തീരുമാനമെടുത്തു തിരിച്ചയയ്ക്കാത്തതിനാൽ ഇത് നിയമസഭയിൽ ബില്ലായി അവതരിപ്പിക്കുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക പോംവഴി. ഓർഡിനൻസുകൾ ബില്ലായി സഭയിൽ അവതരിപ്പിക്കാതെ നീട്ടുന്നതിനെ ഗവർണർ വിമർശിച്ചിരുന്നു. ഓർഡിനൻസ് ഭരണം അഭികാമ്യമല്ലെന്നായിരുന്നു വിമർശനം. സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തെ തുടർന്നാണ് ഗവർണർ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്നാണ് സൂചന.
അസാധുവായ ഓർഡിനൻസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസാണ്. ജൂൺ 27 മുതൽ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ഓർഡിനൻസ് സഭയിൽ അവതരിപ്പിച്ചിരുന്നില്ല. ഇതോടെയാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസിന് മുമ്പുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സാഹചര്യം ഉടലെടുത്തത്. ഓർഡിനൻസ് ബില്ലായി അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ രാജിവയ്ക്കേണ്ടിവരും.