സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഉത്തരവ് ഇന്നിറക്കണമെന്ന് വിസിയ്ക്ക് ഗവർണറുടെ അന്ത്യശാസനം

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള ഗവർണറുടെ തീരുമാനം ചട്ട വിരുദ്ധമാണെന്നും നടപ്പിലാക്കി ഉത്തരവിറക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവർണർ രംഗത്തെത്തിയത്.

അസാധാരണമായ ഒരു നീക്കത്തിലൂടെയാണ് താൻ നാമനിർദ്ദേശം ചെയ്ത അംഗങ്ങളെ ഉൾപ്പെടെ ഗവർണർ പിൻവലിച്ചത്. കേരള സർവകലാശാല പ്രതിനിധിയെ വിസി സെലക്ഷൻ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. പിൻവലിക്കപ്പെട്ടവരിൽ നാല് വകുപ്പ് മേധാവികളും രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളും ഉൾപ്പെടുന്നു. 

പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യണമെന്ന ഗവർണറുടെ അന്ത്യശാസനത്തെത്തുടർന്ന് നടന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം പൂർത്തിയാക്കാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെ അസാധാരണമായ നടപടിയാണ് ഗവർണർ സ്വീകരിച്ചത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉൾപ്പെടെ റിപ്പോർട്ട് തേടിയ ഗവർണർ അത് ലഭിച്ച ശേഷം അപൂർവമായി ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിൻവലിക്കുന്ന’ നടപടി സ്വീകരിച്ചു.