മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭവന സമുച്ചയത്തിനായി ഭൂമി നല്‍കാൻ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനായി സ്ഥലം ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശമുള്ള 17.43 ഏക്കർ ഭൂമിയിൽ 8 ഏക്കർ ഭൂമി കൈമാറും.
ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഫിഷറീസ് വകുപ്പിന് കൈമാറും. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
140 ദിവസം നീണ്ട സമരം അവസാനിച്ച പശ്ചാത്തലത്തിൽ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അദാനി ഗ്രൂപ്പ് ഉടൻ പുനരാരംഭിക്കും. സമരം അവസാനിച്ചതോടെ സമരസമിതിയിൽ നിന്ന് അദാനി ആവശ്യപ്പെട്ട 200 കോടി രൂപ തിരിച്ചുപിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകും. പകരം, നിർമ്മാണം പൂർത്തിയാക്കാൻ സർക്കാരിന് സമയപരിധി നീട്ടേണ്ടിവരും. കരാർ കാലാവധി തീരുന്ന സാഹചര്യത്തിൽ അദാനിയിൽ നിന്ന് ആർബിട്രേഷൻ രൂപത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള സർക്കാരിന്റെ ശ്രമവും ഉപേക്ഷിച്ചേക്കും.