ജയരാജനെ ട്രെയിനിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ

1995ൽ ഇ.പി ജയരാജനെ ട്രെയിനിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.സുധാകരന്റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. അന്തിമവാദം ഈ മാസം 25ന് കേൾക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. സുധാകരനെ കുറ്റവിമുക്തനാക്കണമെന്നാണ് ഹർജി.

1995 ഏപ്രിൽ 12ന് ചണ്ഡീഗഡിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങവെ രാവിലെ 10.20നാണ് രാജധാനി എക്‌സ്പ്രസിൽ ബപറ്റ്‌ലചിരാല റെയിൽവേ സ്റ്റേഷനുകൾക്കിടയിൽവച്ച് ഇപിയെ വെടിവച്ചത്. കഴുത്തിന് പിന്നിൽ വെടിയേറ്റ ജയരാജൻ ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്.

അക്രമികൾ തൊട്ടുമുന്നിൽ വന്ന് വെടിയുതിർക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോഴും ശ്വാസതടസ്സം ഉണ്ട്. കിടക്കുമ്പോൾ ശ്വസിക്കാൻ ഒരു പ്രത്യേക ശ്വസന സഹായ യന്ത്രം ആവശ്യമാണ്. വെടിയുണ്ടയുടെ ചീള് അപ്പോഴും കഴുത്തിലുണ്ട്. വെടിവെപ്പ് നടന്നയുടൻ ട്രെയിനിൽ നിന്ന് ചാടിരക്ഷപ്പെട്ട പ്രതികളായ ദിനേശ്, ശശി എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. കെ സുധാകരൻ അയച്ച ഗുണ്ടകളാണ് ജയരാജനെ വെടിവച്ചതെന്നാണ് സിപിഎം ആരോപണം.