സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നു എന്ന് പറയാൻ സർക്കാരിന് ജാള്യത: വി.ഡി.സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പറയാനുള്ള ജാള്യത മൂലമാണ് സർക്കാർ അത് തുറന്ന് പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിൽവർലൈൻ പദ്ധതി പിൻവലിച്ചതായി സർക്കാർ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സിൽവർലൈൻ വിരുദ്ധ സമരസമിതി ആവശ്യപ്പെട്ടു. ഭൂമിയിടപാട് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും സമിതി ജില്ലാ രക്ഷാധികാരി മിനി കെ. ഫിലിപ്പ് പറഞ്ഞു.

സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട 205 ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകി. ഇത് സംബന്ധിച്ച് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മീഷണർ, 11 ജില്ലാ കളക്ടർമാർ, കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ എംഡി എന്നിവർക്ക് കത്തയച്ചു. പദ്ധതിക്കായി സാമൂഹിക ആഘാത പഠനം നടത്താൻ പുതിയ വിജ്ഞാപനം ഇറക്കുന്നത് റെയിൽവേ ബോ‍ർഡിന്റെ അനുമതിക്കു ശേഷം മാത്രം മതിയെന്നും കത്തിൽ വിശദീകരിക്കുന്നു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് ഉത്തരവിറക്കിയത്.