സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്നും പണിമുടക്കിയാൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി. ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.
പണിമുടക്കുന്നവർക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് പണിമുടക്ക് പ്രോത്സാഹിപ്പിക്കലാണ്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. 2022ല്‍ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതി നിർദേശങ്ങളോടെ തീർപ്പാക്കിയത്.
സമരക്കാർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. സർവീസ് ചട്ടങ്ങളിലെ ചട്ടം 86 പ്രകാരം സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. സമരം ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു.