ദയാബായിയുടെ സമരത്തോട് സർക്കാരിന് അനുഭാവപൂർണ സമീപനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ഒഴികെയുള്ള എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്. ഇക്കാര്യത്തിൽ സർക്കാരിന് അവ്യക്തതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ആശുപത്രിയിലെത്തി സംസാരിച്ചെങ്കിലും ദയാബായി വിസമ്മതിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ ദീർഘകാലമായുള്ള ന്യായമായ ആവശ്യങ്ങൾ നിറവേറ്റാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ദയാബായി.

കാസർകോട് എയിംസ് സ്ഥാപിക്കുക, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുക, കുട്ടികൾക്കായി പകൽ സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.