ഗോഡൗണുകളിൽ ധാന്യം ചോർന്നാൽ ബാധ്യത സർക്കാരിന്

തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്‍റെ ഗോഡൗണുകളിൽ സംഭരിക്കുന്ന ധാന്യങ്ങളിൽ കുറവുണ്ടെങ്കിൽ അതിന്‍റെ സാമ്പത്തിക ബാധ്യത പൂർണ്ണമായും സർക്കാരിന്റെ ചുമലിൽ. ഇതുവരെ, കൈകാര്യം ചെയ്യുമ്പോൾ സ്റ്റോക്കിലെ കുറവ് ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യതയായിരുന്നു. ഇതൊഴിവാക്കാനും അത്തരമൊരു കുറവ് സംഭവിക്കുന്നിടത്തോളം സർക്കാരിന്റെ ബാധ്യതയിൽ വകയിരുത്തിയും ഭക്ഷ്യസെക്രട്ടറി ഉത്തരവിട്ടു.

പ്രതിവർഷം 10 കോടിയോളം രൂപയുടെ ബാധ്യത സർക്കാരിന് ഉണ്ടാക്കുന്നതാണ് തീരുമാനം. കുറവു വരുന്ന ധാന്യങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നത് സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പരിരക്ഷയാകുമെങ്കിലും തീരുമാനം ദുരുപയോഗം ചെയ്താൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതിക്കു കളമൊരുങ്ങും.

2021 ജൂലൈയിൽ സപ്ലൈകോ സിഎംഡി ഭക്ഷ്യവകുപ്പിന് നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.