എന്‍ഡോസള്‍ഫാന്‍ വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം തിരുത്തണം: ദയാബായിയെ സന്ദർശിച്ച് സുധാകരൻ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ദയാബായി നടത്തുന്നത് ധീരമായ പോരാട്ടമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി 11 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. സർക്കാർ നിലപാട് അപലപനീയമാണ്. എൻഡോസൾഫാൻ ദുരിതബാധിതരോട് കടുത്ത അനീതിയാണ് സർക്കാർ ചെയ്യുന്നതെന്നും സുധാകരൻ പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത ഏതാനും മാസങ്ങൾക്ക് മുമ്പ് കേരളം കേട്ടിരുന്നു. എന്നിട്ടും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല. സുപ്രീം കോടതി നിർദേശപ്രകാരം കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ പോലും സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കുന്ന വിഷയത്തിൽ കേരള സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്.

സർക്കാരിന്റെ അനങ്ങാപ്പാറ നയം തിരുത്താനുള്ള ജനകീയ പോരാട്ടം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്.ബാബുവും ദയാബായിയെ കാണാൻ എത്തിയിരുന്നു. ദയാബായിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രകടനം നടത്തുമെന്നും സുധാകരൻ പറഞ്ഞു.