കെഎസ്ആര്‍ടിസിയെ സര്‍ക്കാർ ഏറ്റെടുക്കണം; സിപിഐ

എറണാകുളം: കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുത്ത് ജീവനക്കാർക്ക് തൊഴിലും സാധാരണക്കാർക്ക് യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി കേരളത്തിലെ ജനങ്ങൾക്കുള്ള പൊതുഗതാഗത സംവിധാനമാണ്. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ജനകീയ പ്രസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും സി.പി.ഐ. പറഞ്ഞു.

ആയിരക്കണക്കിന് ജീവനക്കാര്‍ ജോലി ചെയ്യുന്ന കമ്പനിയിലെ നൂറുകണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. ടിക്കറ്റ് വരുമാനം ഉൾപ്പെടെ 250 കോടിയോളം രൂപ വരുമാനമുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. വിരമിച്ചവർക്ക് പെൻഷൻ ലഭിക്കുന്നില്ല. മാനേജ്മെന്‍റിന്‍റെ നിരുത്തരവാദപരമായ സമീപനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഭൂരിഭാഗം ജീവനക്കാരും കരുതുന്നത്. കൊവിഡിന് മുമ്പ് 42,000 ജീവനക്കാരുമായി 5,500 ഷെഡ്യൂളുകൾ വരെ പ്രവർത്തിച്ചിരുന്നു. ഏകദേശം 35 ലക്ഷത്തോളം പേർ ഈ യാത്രാസൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ 3,000 സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അവർക്ക് ജോലി തിരികെ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും സി.പി.ഐ പറഞ്ഞു.

തൊഴിലാളികളെ വിശ്വാസത്തിലെടുക്കാതെ മാനേജ്മെന്‍റ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങളും പരാജയപ്പെടുകയാണ്. തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാർ നിരാശരായി പ്രതിഷേധിക്കുകയാണ്. ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യാൻ ഹാജരാകണം എന്നത് ആശങ്കാജനകമാണ്. ട്രേഡ് യൂണിയനുകളും തൊഴിലാളികളുമാണ് പ്രതിസന്ധിക്ക് ഉത്തരവാദികളെന്ന മാനേജ്മെന്‍റിന്‍റെ സമീപനത്തോട് പൊതുസമൂഹത്തിന് യോജിക്കാനാവില്ല. പൊതുഗതാഗതത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിയെ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവന്ന് ജീവനക്കാർക്ക് തൊഴിലും യാത്രാസൗകര്യങ്ങളും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.