നാലാം ശനിയാഴ്ചയും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ നിർദേശം

തിരുവനന്തപും: മാസത്തിലെ നാലാം ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായി പ്രഖ്യാപിക്കാൻ നിർദേശം. ഇത് സംബന്ധിച്ചുള്ള ചർച്ചക്കായി ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. ജനുവരി 10ന് ചർച്ച നടക്കും.

സർക്കാർ ജീവനക്കാർ മരിച്ചാൽ ഒരു വർഷത്തിനുള്ളിൽ നിയമനം സ്വീകരിക്കാൻ തയ്യാറുള്ള ആശ്രിതർക്ക് മാത്രം ജോലി നൽകാനും നിർദ്ദേശമുണ്ട്. മറ്റുള്ളവർക്ക് 10 ലക്ഷം രൂപ നൽകണമെന്നാണ് സെക്രട്ടറിതല സമിതിയുടെ ശുപാർശ.

ജില്ലകളിലെ വിവിധ വകുപ്പുകളിലെ തസ്തികകളിൽ ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളുടെ 5% മാത്രമേ ആശ്രിത നിയമനത്തിലൂടെ നടത്താൻ പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. വീണ്ടും കോടതിയെ സമീപിക്കാനാകില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.