കര്‍ഷകര്‍ക്കായി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സര്‍ക്കാര്‍

ന്യൂഡല്‍ഹി: കർഷകർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. വളങ്ങളുടെ വിൽപ്പന, മണ്ണ്, വിത്ത് പരിശോധന, കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകൽ തുടങ്ങി വിദഗ്ദ്ധ നിർദ്ദേശങ്ങൾ വരെ ഈ കേന്ദ്രങ്ങൾ വഴി കർഷകർക്ക് നൽകും. സർക്കാർ പുതുതായി ആരംഭിച്ച വൺ നേഷൻ വൺ ഫെർട്ടിലൈസർ (വളം) പദ്ധതി പ്രകാരമുള്ള വളങ്ങൾ സമൃദ്ധി കേന്ദ്രങ്ങൾ വഴിയാണ് വിൽക്കുക.

വളങ്ങളെല്ലാം ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡിലാണ് വിൽക്കുക. നടപ്പു സാമ്പത്തിക വർഷം വളം സബ്സിഡിക്കായി 2.5 ട്രില്യൺ രൂപ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. സബ്സിഡിക്കായി 1.05 ട്രില്യൺ രൂപയാണ് കേന്ദ്രം ബജറ്റിൽ വകയിരുത്തിയത്. 1,000 സമൃദ്ധി കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുന്നത്.

തുടർന്ന് ആവശ്യാനുസരണം എണ്ണം വർദ്ധിപ്പിക്കും. കർഷകരുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളും കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും. കേന്ദ്രങ്ങൾക്ക് ഒരു സമയം 50 മുതൽ 100 വരെ ആളുകളെ ഉൾക്കൊള്ളാനുള്ള വലുപ്പം ഉണ്ടായിരിക്കും. കാർഷിക സർവകലാശാലകളുടെയോ കൃഷിവിജ്ഞാൻ കേന്ദ്രങ്ങളുടെയോ മേൽനോട്ടത്തിലായിരിക്കും സമൃദ്ധി കേന്ദ്രങ്ങൾ പ്രവർത്തിക്കുക.