സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ സർക്കാർ പിൻവലിക്കുന്നു
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകൾ സർക്കാർ പിൻവലിക്കുന്നു. കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന് ഉന്നതതല യോഗം വിളിച്ചു. ഗുരുതരമായ കേസുകൾ ഒഴികെയുള്ള കേസുകൾ പിൻവലിക്കാനാണ് നീക്കം.
കൊവിഡ് കേസുകൾ കൂടി നിന്ന കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏഴ് ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കേരള സർക്കാർ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാസ്ക് ധരിക്കാത്തതിന് 500 രൂപ മുതൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 25,000 രൂപ വരെ പോലീസ് പിഴ ഈടാക്കി. നിയന്ത്രണങ്ങൾ ലംഘിച്ച് റോഡിലൂടെ ഇറങ്ങിയ വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
പിഴയടയ്ക്കാത്തവർക്കും ഗുരുതരമായ കുറ്റകൃത്യം ചെയ്തവർക്കുമെതിരെ പോലീസ് തുടർനടപടികൾ കോടതിയിലേക്ക് അയച്ചു. പല കേസുകളിലും കുറ്റപത്രം സമർപ്പിക്കുകയും ചില കേസുകളിൽ അന്വേഷണം നടക്കുകയുമാണ്. ഇതിനിടെയാണ് സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തത്. കോടതികളിൽ കേസുകൾ പെരുകുന്ന സാഹചര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.