ബഫർ സോൺ വിഷയത്തിലെ സർക്കാർ അലംഭാവം മാപ്പർഹിക്കാത്ത തെറ്റ്: വി ഡി സതീശൻ

കൊച്ചി: ബഫർ സോൺ വിഷയത്തിലെ സർക്കാരിൻ്റെ അലംഭാവം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കേണ്ടെന്ന് തീരുമാനിച്ചത് പിണറായി സർക്കാരാണെന്നും സതീശൻ ആരോപിച്ചു.

“കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനമുണ്ട്. കൂടുതൽ ജനവാസ മേഖലയാണ് കേരളം. ഈ പ്രാധാന്യത്തോടെ വിഷയങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിക്കണം. അതിന് മാനുവൽ സർവേ നടത്തണം. സാറ്റലൈറ്റ് സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് കടുത്ത തിരിച്ചടിയുണ്ടാകും,” സതീശൻ പറഞ്ഞു.

മാനുവൽ സർവേ ഉടനടി നടത്തണം. അതുവരെ കാലാവധി നീട്ടണം. അല്ലാത്ത പക്ഷം പതിനായിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വരും. നടപടിയില്ലാത്ത പക്ഷം യു.ഡി.എഫ് ശക്തമായ സമരത്തിലേക്ക് നീങ്ങും. കെ റെയിൽ, വിഴിഞ്ഞം വിഷയങ്ങളിലേത് പോലെ ഇരകളെ യു.ഡി.എഫ് ചേർത്ത് നിർത്തും. ഒരു ലക്ഷത്തിലധികം വീടുകളെയും ഇരുപത് നഗരങ്ങളെയും ബാധിക്കും. പഞ്ചായത്തുകളെ കൊണ്ട് പരിശോധിക്കാമെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്. എന്തിനാണ് ഇത്രയും കാലതാമസം വരുത്തിയതെന്ന് ചോദിച്ച സതീശൻ ഭരിക്കാൻ മറന്ന സർക്കാരാണിതെന്നും പറഞ്ഞു.