സ്കൂൾ സമയമാറ്റത്തിലെ സർക്കാർ നിലപാട് സ്വാഗതാർഹം: സമസ്ത
കോഴിക്കോട്: സ്ത്രീയും പുരുഷനും തമ്മിൽ വേർതിരിവില്ലാത്ത പെരുമാറ്റം സംസ്കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ഇത് മതത്തിന്‍റെ മാത്രം പ്രശ്നമല്ല. സ്ത്രീയും പുരുഷനും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയിൽ നിന്ന് പൊടുന്നനെ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തിലെടുത്തിരുന്നു. ഇന്നലെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ സമയത്തിൽ മാറ്റം വന്നാൽ മദ്രസ വിദ്യാഭ്യാസം പ്രതിസന്ധിയിലാകും. സർക്കാർ ഇപ്പോൾ ഇതിനെ അനുകൂലിക്കുന്നു. അത് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സമസ്തയ്ക്ക് എതിർപ്പില്ല. സമസ്ത രാഷ്ട്രീയത്തിൽ ഇടപെടാറില്ല. ലീഗിനെ കുറിച്ച് സി.പി.എം പറഞ്ഞതിൽ സന്തോഷമുണ്ട്.
എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് സമസ്തയുടെ ആഗ്രഹം. ഉത്തരേന്ത്യയിൽ ഇത് നടക്കുന്നുണ്ട്. ഇവിടെ നടന്നാൽ തെറ്റില്ലെന്നും സന്തോഷം മാത്രമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ഫാസിസം കേന്ദ്രത്തിൽ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ഇത് അനിവാര്യമാണ്. ഏകീകൃത സിവിൽ കോഡ് ബില്ലിനെതിരായ പ്രക്ഷോഭം കുറഞ്ഞാൽ അതിന്‍റെ പ്രത്യാഘാതങ്ങൾ എല്ലാവരും അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.