മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ

കൊച്ചി: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ എന്നിവരാണ് അറസ്റ്റിലായത്.

ഗുജറാത്ത് മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ മെട്രോയിൽ ഗ്രാഫിറ്റി ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലുപേർ ചേർന്നാണ് ഗ്രാഫിറ്റി ചെയ്തതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയൻ പൗരന്മാരെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ ഇവർ വിവിധയിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു.

റെയിൽവേ ഗൂൺസ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഇവർ സ്പ്രേ പെയിന്റ് കൊണ്ട് ഗ്രാഫിറ്റി ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വലിയ സുരക്ഷയുള്ള മേഖലയിൽ പകൽ അരമണിക്കൂറോളം ചെലവിട്ടാണ് ഇവർ സ്പ്രേ പെയിന്റ് കൊണ്ട് എഴുതിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ടം​ഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കൊച്ചി മെട്രോ കോര്‍പ്പറേഷന്‍റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തി  വരികയായിരുന്നു. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയതില്‍ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്നത്. സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. അഹമ്മദാബാ​ദിൽ പിടിയിലായ നാല് ഇറ്റാലിയൻ പൗരൻമാരെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.