84 വർഷങ്ങൾക്ക് മുമ്പ് മുത്തച്ഛൻ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം തിരികെ ഏൽപ്പിച്ച് ചെറുമകൻ
84 വർഷം മുമ്പ് ലൈബ്രറിയിൽ നിന്ന് എടുത്ത ഒരു പുസ്തകം അതേ ലൈബ്രറിയിലേക്ക് തിരിച്ചെത്തുന്നത് അൽപം അതിശയം ഉള്ള കാര്യമാണ്. ക്യാപ്റ്റൻ വില്യം ഹാരിസൺ എന്നയാൾ വർഷങ്ങൾക്ക് മുമ്പ് ലൈബ്രറിയിൽ നിന്ന് വായിക്കാൻ ഒരു പുസ്തകം എടുത്തു. 1938 ഒക്ടോബർ 11-ന് അത് ലൈബ്രറിയിൽ തിരികെ നൽകേണ്ടതായിരുന്നു. പക്ഷേ, അദ്ദേഹം അക്കാര്യം മറന്നു. 1957-ൽ അദ്ദേഹം മരിച്ചു. അതുവരെ, അദ്ദേഹത്തിന്‍റെ അലമാരയിൽ കിടന്നിരുന്ന പുസ്തകം അദ്ദേഹത്തിന്‍റെ മരണശേഷം ബന്ധുക്കൾ മറ്റ് വസ്തുക്കൾക്കൊപ്പം മാറ്റിവച്ചു.
അദ്ദേഹത്തിന്‍റെ മകൾ അന്നയും അടുത്തിടെ മരിച്ചു. പുസ്തകം അപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാതെ അവിടെ തന്നെ കിടക്കുകയായിരുന്നു. ഇതിനിടയിൽ, പുസ്തകം വില്യമിന്‍റെ ചെറുമകനായ പാഡി റിയോർഡന്‍റെ ശ്രദ്ധയിൽപ്പെട്ടു. അതോടെ പാഡി പുസ്തകം തിരികെ ലൈബ്രറിയിൽ എത്തിക്കാൻ തീരുമാനിച്ചു. അങ്ങനെ, 18.27 പൗണ്ട് പിഴയുൾപ്പെടെ കവൻട്രിയിലെ ഏൾസ്ഡൺ കാർണഗി കമ്മ്യൂണിറ്റി ലൈബ്രറിയിലേക്ക് പുസ്തകം തിരികെ എത്തിച്ചു.
ലൈബ്രറിയുടെ ഒഫീഷ്യൽ മീഡിയ പേജ് പുസ്തകം തിരിച്ചെത്തിയതിന്റെ സന്തോഷം പുസ്തകത്തിന്‍റെ ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചു. “അപൂർവമായി സംഭവിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സംഭവിച്ചു. റിച്ചാർഡ് ജെഫറീസിന്‍റെ ‘റെഡ് ഡീർ’ എന്ന പുസ്തകത്തിന്റെ ഒരു പകർപ്പ് 84 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി. പാഡി റിയോർഡൻ തന്റെ മുത്തച്ഛൻ കൊണ്ടുപോയ പുസ്തകം തിരികെ നൽകി. അതോടൊപ്പം പിഴയും ലൈബ്രറിക്ക് കൈമാറി,” ലൈബ്രറി സോഷ്യൽ മീഡിയയിൽ കുറിച്ചു.