ഗ്രേറ്റ് ബാരിയർ റീഫ് അപകട ഭീഷണിയിൽ; ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്താൻ ശുപാർശ
ക്വീൻസ്‌ലാൻഡ്: വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളിൽ ഗ്രേറ്റ് ബാരിയർ റീഫിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങളിലെ താപനില ഉയരുന്നതും ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളായ ഗ്രേറ്റ് ബാരിയർ റീഫിന് ഇതിനകം തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പാനൽ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് വർഷമായി പവിഴപ്പുറ്റുകൾ കോറല്‍ ബ്ലീച്ചിംഗ് പോലുള്ള പ്രതികൂല ഘടകങ്ങൾ നേരിടുന്നു. ഇത് പവിഴപ്പുറ്റുകളിലെ ആൽഗകൾ പുറന്തള്ളാൻ കാരണമാകുന്നു. അതുവഴി നിറം നഷ്ടപ്പെടുകയും വെളുത്തതായി മാറുകയും ചെയ്യുന്നു. പവിഴപ്പുറ്റുകൾക്ക് ഇതിനെ അതിജീവിക്കാൻ കഴിഞ്ഞാൽ പോലും, അത് അവയുടെ വളർച്ചയേയും പ്രജനനത്തെയും പ്രതികൂലമായി ബാധിക്കും.
ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ ഒരു സംഘം കഴിഞ്ഞ വർഷം മാർച്ചിൽ ഗ്രേറ്റ് ബാരിയർ റീഫ് സന്ദർശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള പവിഴപ്പുറ്റുകളുടെ കഴിവ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് സംഘം കണ്ടെത്തി. ജൂണിൽ റഷ്യയിൽ നടക്കാനിരുന്ന ലോക പൈതൃക സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും റഷ്യ-ഉക്രൈൻ യുദ്ധത്തെ തുടർന്ന് ചർച്ചകൾ മാറ്റിവെയ്ക്കുകയായിരുന്നു.