അപ്ഡേറ്റ് ചെയ്തതിന് പിന്നാലെ വൺപ്ലസ് ഫോൺ ഡിസ്‍പ്ലേയിൽ പച്ച വരകൾ; പരാതിയുമായി യൂസർമാർ

സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായ വൺപ്ലസിന്‍റെ ഉപയോക്താക്കൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണി കിട്ടി. വൺപ്ലസ് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജൻ ഒഎസിന്‍റെ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്തവരിൽ ചിലരുടെ ഫോണിന്‍റെ ഡിസ്പ്ലേയിൽ പച്ച വരകൾ പ്രത്യക്ഷപ്പെട്ടു.

കണക്റ്ററുമായി ഒരു പ്രശ്നം ഉണ്ടാകുമ്പോഴോ ഉപകരണം തകരുമ്പോഴോ സ്മാർട്ട്ഫോൺ ഡിസ്പ്ലേകളിലും മറ്റും പച്ച വരകൾ സാധാരണയായി പ്രത്യക്ഷപ്പെടും. ഇതൊരു ഹാർഡ് വെയർ പ്രശ്നമാണ്. എന്നിരുന്നാലും, സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തപ്പോൾ പ്രത്യക്ഷപ്പെട്ടതിൽ വൺപ്ലസ് ഉപയോക്താക്കൾ ഞെട്ടലിലാണ്.

ഓക്സിജൻ ഒഎസ് 13 ലേക്ക് അപ്ഡേറ്റ് ചെയ്ത നിരവധി വൺപ്ലസ് ഫോണുകളിൽ പച്ച വരകൾ പ്രത്യക്ഷപ്പെട്ടതായി ട്വിറ്ററിൽ അടുത്തിടെയുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. വൺപ്ലസ് 8, വൺപ്ലസ് 8ടി, വൺപ്ലസ് 8 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9ആർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വൺപ്ലസ് 10 പ്രോ സീരീസ് ഒഴികെ ഓക്സിജൻ ഒഎസ് 13 യെ പിന്തുണയ്ക്കുന്ന മിക്കവാറും എല്ലാ ഫോണുകളെയും ഈ പ്രശ്നം ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്.