ഗ്രീന്‍ തമിഴ്‌നാട് മിഷന്‍: രണ്ടരക്കോടി വൃക്ഷ തൈകള്‍ നടും

ചെന്നൈ: ഗ്രീന്‍ തമിഴ്നാട് മിഷൻ പദ്ധതിയുടെ ഭാഗമായി ഈ വർഷം സംസ്ഥാനത്ത് 2.5 കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. തമിഴ്നാട് വനംവകുപ്പ് ശേഖരിക്കുന്ന തൈകൾ സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിൽ നട്ടുപിടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി തൈകളുടെ ശേഖരണം ഏപ്രിലിൽ ആരംഭിച്ചിരുന്നു.

വനംവകുപ്പിൻറെ 28 നഴ്സറികളിലായി 50,000 തൈകളാണ് ഇതുവരെ തയ്യാറായിട്ടുള്ളത്. വകുപ്പിൻറെ നേതൃത്വത്തിൽ 232 നഴ്സറികൾ വഴി 1.75 കോടി തൈകൾ സംഭരിക്കാനാകുമെന്നാണ് കണക്ക്. ജിയോ ടാഗ് ചെയ്ത വൃക്ഷതൈകൾ ആപ്ലിക്കേഷൻറെ സഹായത്തോടെ നിരീക്ഷിക്കും.

ജൂലൈ അവസാനം മുതൽ ഒക്ടോബർ വരെയുള്ള മാസ കാലയളവിലാണ് തൈകൾ നടുന്നത്. ജില്ലാ കളക്ടർമാരുടെ സാന്നിധ്യത്തിലായിരിക്കും ചെടികൾ നട്ടുപിടിപ്പിക്കുക. തുടർന്ന് വിവരങ്ങൾ തമിഴ്നാട് ഗ്രീൻ മിഷൻ പോർട്ടലിൽ ലഭ്യമാക്കും. വരും വർഷങ്ങളിലേക്കുള്ള തൈകളുടെ ശേഖരണം നവംബർ മുതൽ ആരംഭിക്കും.