ഗ്രീന്‍ ഫീൽഡ് ഹൈവേ സ്ഥലമെടുപ്പ്; റവന്യൂ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജൻ

കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ നിർദ്ദിഷ്ട പ്രദേശങ്ങളിലെ പട്ടയങ്ങളും ഭൂമിയിടപാടുകളും വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പദ്ധതി പ്രദേശത്തെ എം.എൽ.എമാരുമായും റവന്യൂ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻഗണനാ ക്രമം നോക്കാതെ ഭൂമി കൈമാറ്റ അപേക്ഷ പരിഗണിക്കും. പട്ടയം നൽകുന്ന കാര്യത്തിലും തീരുമാനം വേഗത്തിലാക്കും. ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. പഴക്കംകൊണ്ടുള്ള മൂല്യശോഷണം കണക്കിലെടുക്കാതെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കത്ത് നൽകും. എൻ.എച്ച്. 66 വികസനങ്ങൾക്കായി ഭൂമി ഏറ്റെടുത്തപ്പോൾ ഈ പരിഗണന നൽകിയിരുന്നു.

ന്യായവിലയ്ക്ക് പകരം ഭൂമിക്ക് വിപണി വില നൽകാമോയെന്ന് എം.എൽ.എമാർ ചോദിച്ചു. എന്നാൽ ഇത് മൂന്ന് വർഷത്തെ ട്രാൻസ്ഫറുകളുടെ ഏറ്റവും ഉയർന്ന വിലകളുടെ ശരാശരി മാത്രമായിരിക്കുമെന്നതിനാൽ ഇത് അനുവദിച്ചില്ല. ചില സംസ്ഥാനങ്ങളിൽ ഭൂമിയുടെ വിലയുടെ ഇരട്ടി വരെ സർക്കാർ നൽകുന്നുണ്ടെന്ന് എം.എൽ.എമാർ ചൂണ്ടിക്കാട്ടി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഭൂമിയുടെ വില കേരളത്തേക്കാൾ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.