കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഗ്രെറ്റ തുൻബെർഗ് 

പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് നവംബറിൽ നടക്കുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ സിഒപി 27 ൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് സൂചന. സൗത്ത് ബാങ്ക് സെന്‍ററിൽ നടക്കുന്ന ലണ്ടൻ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ തന്‍റെ പുതിയ പുസ്തകമായ ദി ക്ലൈമറ്റ് ബുക്കിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർമാരെ കാണുന്നതിനിടയിലാണ് ഗ്രെറ്റ ഇത് പറഞ്ഞത്.

നവംബർ 6 മുതൽ 18 വരെ ഈജിപ്തിലെ ഷര്‍മ് അൽ ഷെയ്ഖിലാണ് സിഒപി-27 കാലാവസ്ഥാ ഉച്ചകോടി നടക്കുക. നിരവധി മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന ഒരു രാജ്യത്തെ വിനോദസഞ്ചാര പറുദീസയിലാണ് ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, കഴിഞ്ഞ വർഷം ഗ്ലാസ്ഗോ ഉച്ചകോടിയിലെ പ്രതിഷേധ പ്രകടനങ്ങളിൽ ഗ്രെറ്റ പങ്കെടുത്തിരുന്നു.

കാലാവസ്ഥാ പ്രശ്നങ്ങളിൽ പലരും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നുവെന്നാണ് ഗ്രെറ്റയുടെ പ്രധാന ആരോപണം. “സിഒപി 27 അധികാരത്തിലുള്ളവർക്ക് ഗ്രീന്‍ വാഷിങ്ങിനും, നുണ പറയാനും, വഞ്ചനയ്കുമുള്ള അവസരമാണ്,” അവർ പറഞ്ഞു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാതെ, പരിസ്ഥിതി സൗഹൃദമാണെന്ന് സ്ഥാപിക്കുന്നതിന് കൂടുതൽ പണവും സമയവും ചെലവഴിക്കുന്നതാണ് ഗ്രീന്‍ വാഷിങ്.