36 ഉപഗ്രഹങ്ങളുമായി ജിഎസ്എൽവി മാർക്ക് 3 കുതിച്ചുയർന്നു

ശ്രീഹരിക്കോട്ട: ഒരേസമയം 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആർഒയുടെ നിർണായക ദൗത്യം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്ന് പുലർച്ചെ 12.07ന് 36 ഉപഗ്രഹങ്ങളുമായി ജിഎസ്എൽവി മാർക്ക് 3 വിക്ഷേപിച്ചു. വൺവെബ് ഇന്ത്യ-1 എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ഉപഗ്രഹങ്ങളെ 601 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കും. ബ്രിട്ടനിലെ വൺവെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ആണ് വിക്ഷേപിച്ചത്.

അന്താരാഷ്ട്ര വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ നിർണായക മുന്നേറ്റത്തിന് തയ്യാറെടുക്കുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) വൺവെബ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെ നിർണായക നാഴികകല്ല് പിന്നിട്ടു. ലക്ഷ്യസ്ഥാനം ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥമായതിനാൽ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിന് ‘ഫാറ്റ് ബോയ്’എന്നും, ‘ബാഹുബലി’ എന്നും വിളിപ്പേരുകൾ ഉണ്ട് . വൺവെബ് ദൗത്യത്തിനായുള്ള എൽഎംവി-എം 3 വിക്ഷേപണ വാഹനത്തിൽ അധിക കുതിപ്പേകിയിരുന്ന വികാസ് എഞ്ചിൻ ഇല്ല.

ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയാണ് വൺവെബ്. ഭാരതി എന്റർപ്രൈസസിന് ഓഹരിയുള്ള വൺവെബിന്‍റെ സേവനം എയർടെല്ലിലൂടെ ഇന്ത്യയ്ക്കും ലഭിക്കും. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ കരാറാണ് വൺവെബുമായുള്ളത്. ജിഎസ്എൽവി മാർക്ക് 3യെയാണ് എൽവിഎം-എം 3 എന്ന് പുനർനാമകരണം ചെയ്തത്.