സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം; 17,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 17000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കിയത് കാരണമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17000 കോടി രൂപ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കുടിശ്ശികയാണ് കേന്ദ്രം അനുവദിച്ചത്.

നേരത്തെ കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. നടപ്പു സാമ്പത്തിക വർഷം ഇപ്പോൾ അനുവദിച്ച തുക ഉൾപ്പെടെ ആകെ 1,15,662 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. 

കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി നടത്തിയ പ്രത്യേക ചർച്ചയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വായ്പാ പരിധി കുറയ്ക്കുന്നതിൽ ധനമന്ത്രി പുനർവിചിന്തനവും മുന്നോട്ടുവെച്ചു. സംസ്ഥാനത്തിന് ലഭിക്കേണ്ട പണം അനുവദിക്കണമെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.