അഗ്നിപഥ്; മാര്‍ഗരേഖ പുറത്തുവിട്ട് വ്യോമസേന

ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്. പദ്ധതിയുടെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ വ്യോമസേന പുറത്തിറക്കിയിട്ടുണ്ട്. റിക്രൂട്ട്മെൻറ് റാലികൾക്ക് പുറമെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കാമ്പസ് ഇൻറർവ്യൂ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യതകൾ, മൂല്യനിർണയം, അവധി, ലൈഫ് ഇൻഷുറൻസ്, വേതനം, തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയവയെക്കുറിച്ച് വിശദമായി വിശദീകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വ്യോമസേന പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ 18 വയസിൽ താഴെയുള്ളവർക്കും അഗ്നിപഥ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. എന്നാൽ അത്തരത്തിൽ അപേക്ഷിക്കാൻ, മാതാപിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.

എല്ലാ ഇന്ത്യക്കാർക്കും എല്ലാ വിഭാഗങ്ങൾക്കും അഗ്നിപഥിൽ അപേക്ഷിക്കാം. 17.5 നും 21 നും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുക. വർഷത്തിൽ 30 ദിവസമായിരിക്കും അവധി. വൈദ്യോപദേശത്തിൻറെ അടിസ്ഥാനത്തിൽ സിക്ക് ലീവും ഉണ്ടാകും. സേവാ നിധി പാക്കേജിന് കീഴിൽ അഗ്നിപഥ് പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 4 വർഷത്തേക്ക് 10.04 ലക്ഷം രൂപ നൽകും. ആദ്യ വർഷം നിങ്ങൾക്ക് പ്രതിമാസം 30,000 രൂപ ലഭിക്കും. ഇതിനുപുറമെ, വസ്ത്രങ്ങൾ, യാത്രകൾ മുതലായവയ്ക്കുള്ള അലവൻസുകളും നൽകും. ജോലി കാലയളവിൽ നിങ്ങൾക്ക് 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയും ലഭിക്കും.