ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും. തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിനിടെയാണ് പ്രഖ്യാപനം.
കാൽനൂറ്റാണ്ടിലേറെയായി ഇവിടെ ബി.ജെ.പി അധികാരത്തിലിരിക്കെ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന മോർബി തൂക്കുപാല ദുരന്തം സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും അപകടത്തിലേക്ക് നയിച്ചെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്.
ഗുജറാത്തിലും വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആം ആദ്മി ഉയർത്തുന്ന വെല്ലുവിളിയും ബിജെപി നേരിടുന്നുണ്ട്. ഈ വർഷമാദ്യം പഞ്ചാബിൽ നേടിയ ഉജ്ജ്വല വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി.