ഗുജറാത്ത് സ്ഥാനാര്‍ത്ഥിനിര്‍ണയം; ചർച്ചകളുമായി ചെന്നിത്തല

അഹമ്മദാബാദ്: എഐസിസി നിർദേശ പ്രകാരം ഗുജറാത്ത് കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാർത്ഥി നിർണയം ഇനിയും നീളും. സെപ്റ്റംബർ 23നകം പട്ടിക പൂർത്തിയാക്കി എഐസിസിക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്.

സ്ഥാനാർത്ഥികളുടെ എണ്ണം ഒരു വശത്തും മറുവശത്ത് നേതാക്കളുടെ കൊഴിഞ്ഞുപോക്കും തുടരുന്നതിനാൽ തിടുക്കപ്പെട്ട് പട്ടിക പുറത്തുവിടാത്തതായാണ് സൂചന. 15 ദിവസത്തിനകം ഡിസിസികളുടെ പട്ടിക തയ്യാറാക്കും. സ്ഥാനാര്‍ഥികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലകളില്‍ അപേക്ഷ നല്‍കാം. സൗരാഷ്ട്ര, തെക്കൻ ഗുജറാത്ത്, മധ്യ ഗുജറാത്ത്, വടക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ സിറ്റിംഗുകൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സ്ഥാനാർത്ഥികൾക്കായി സമിതി പൊതുമാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. യുവാക്കൾ, സ്ത്രീകൾ, പുതുമുഖങ്ങൾ എന്നിവരുടെ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകും. എന്നാൽ, സീറ്റ് നേടാൻ ആവശ്യമെങ്കിൽ നിലവിലെ എം.എൽ.എയെ പട്ടികയിൽ ഉൾപ്പെടുത്തും. ജനങ്ങൾക്കിടയിൽ പ്രതിച്ഛായയില്ലാത്തവരെ ഒഴിവാക്കണമെന്നും ധാരണയായി.