ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാം ഘട്ട പ്രചാരക പട്ടികയിലും തരൂരില്ല

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിനായി കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലും തരൂരില്ല. പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ താരപ്രചാരകനായി കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ചര്‍ച്ചയായിരുന്നു.

മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പടെ 40 പേർ താരപ്രചാരകരിൽ ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ള രമേശ് ചെന്നിത്തലയെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ താരപ്രചാരകരുടെ പട്ടികയിൽ തരൂരിനെ ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹം പാർട്ടിയുടെ വിദ്യാർത്ഥി യൂണിയന്‍റെ പ്രചാരണത്തിനുള്ള ക്ഷണവും നിരസിച്ചു.

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ‘ഔദ്യോഗിക’ പക്ഷ സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശി തരൂരിനെ മാറ്റിനിർത്തുന്നുവെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് കോൺഗ്രസിന്‍റെ ഈ നടപടി.