ഗുജറാത്ത് തിരഞ്ഞെടുപ്പ്; വിദേശികളെ ഇറക്കിയുള്ള ബിജെപി പ്രചാരണം വിവാദത്തിൽ

അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറക്കിയ ബി.ജെ.പി നീക്കം വിവാദത്തിൽ. ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ബി.ജെ.പിക്ക് വേണ്ടി വിദേശികൾ പ്രചാരണം നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെയും ഇന്ത്യൻ വിസ നിയമത്തിന്‍റെയും ലംഘനമാണ് വിദേശികളെ ഇറക്കിയുള്ള പ്രചാരണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു.വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സാകേത് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

“നിങ്ങൾക്ക് മഹാനായ ഒരു നേതാവുണ്ട്, നിങ്ങളുടെ നേതാവിനെ വിശ്വസിക്കൂ” എന്ന് കുറിച്ചാണ് ബിജെപി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബി.ജെ.പിയുടെ ചിഹ്നമായ താമര ആലേഖനം ചെയ്ത ഷാളുകൾ ധരിച്ചാണ് വിദേശികൾ പ്രചാരണം നടത്തിയത്. അവരിലൊരാൾ പറഞ്ഞ വാചകമാണ് ബി.ജെ.പി പുറത്തുവിട്ട വീഡിയോയുടെ തലക്കെട്ട്.