ടീസ്ത സെതല്‍വാദിന്റെ ജാമ്യ ഹര്‍ജിയില്‍ എതിര്‍പ്പുമായി ഗുജറാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ടീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷയെ ഗുജറാത്ത് സർക്കാർ എതിർത്തു. ടീസ്ത സെതൽവാദിനെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തീസ്ത കലാപത്തിന് കാരണമായ വിധത്തില്‍ പ്രവര്‍ത്തിച്ചെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെതിരെ ടീസ്ത സെതൽവാദ് ഗൂഢാലോചന നടത്തിയെന്ന് ജാമ്യഹർജിക്കെതിരെ ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ടീസ്ത സെതൽവാദ് നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങൾ എഫ്ഐആറിൽ വ്യക്തമായി പരാമർശിക്കുന്നുണ്ടെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. മനുഷ്യാവകാശ സംരക്ഷണം കേവലം അവകാശവാദം മാത്രമാണ്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ നശിപ്പിച്ചതിന് ടീസ്തയ്ക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായും ഗുജറാത്ത് സർക്കാർ അറിയിച്ചു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖ ചമച്ച കേസിലാണ് സെതൽവാദിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ടീസ്തയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുജറാത്ത് പൊലീസിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.