ഗുജറാത്ത് കലാപത്തിൽ മോദിക്ക് ക്ലീന്‍ ചിറ്റ്; സാക്കിയ ജാഫ്രിയുടെ ഹര്‍ജി തള്ളി

ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് 63 പേർക്കും അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് സാക്കിയ ജാഫ്രി പരാതി നൽകിയിരുന്നത്.

എന്നാൽ പ്രത്യേക അന്വേഷണ സംഘം ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഹൈക്കോടതിയും ഇത് അംഗീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ ഭാര്യയാണ് സാക്കിയ ജാഫ്രി.

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിലുണ്ടായ അക്രമസംഭവത്തിലാണ് ജാഫ്രി കൊല്ലപ്പെട്ടത്. 2002 ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. മോദിക്കും മറ്റ് 63 പേർക്കും കലാപത്തിൽ പങ്കുണ്ടെന്ന് സാക്കിയ ജാഫ്രി ആരോപിച്ചിരുന്നു.