ഗുജറാത്ത് കലാപക്കേസ് പ്രതി മനോജ് കുക്രാണിയുടെ മകള്‍ ബിജെപി സ്ഥാനാര്‍ഥി

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസിലെ പ്രതിയുടെ മകളെ വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാക്കി. കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനോജ് കുക്രാനിയുടെ മകൾ പായൽ കുക്രാനിയെ നരോദയിൽ നിന്നാണ് ബിജെപി മത്സരിപ്പിക്കുന്നത്. 2015 മുതൽ ജാമ്യത്തിലിറങ്ങിയ മനോജ് കുക്രാനി ഇപ്പോൾ മകൾക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തുകയാണ്.

അനസ്‌തേറ്റിസ്റ്റായ പായൽ കുക്രാനിക്ക് രാഷ്ട്രീയ പരിചയമില്ല. നരോദയിലെ സിറ്റിംഗ് എം.എൽ.എ ബൽറാം തവാനിയെ മാറ്റിയാണ് സീറ്റ് നൽകിയത്. കലാപത്തിലെ പ്രതികൾക്ക് ബിജെപി നേരിട്ട് പാരിതോഷികം നൽകുന്നു എന്നതിന്‍റെ തെളിവാണ് പായൽ കുക്രാണിയുടെ സ്ഥാനാർത്ഥിത്വമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

നരോദ പാട്യ കൂട്ടക്കൊല നടന്ന അതേ മണ്ഡലത്തിൽ നിന്നാണ് പായലിനെ ബിജെപി മത്സരിപ്പിക്കുന്നത് എന്നതും ഞെട്ടിക്കുന്നതാണ്. 2002 ലെ ഗുജറാത്ത് കലാപത്തിൽ നരോദയിൽ 97 പേരെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തിന്‍റെ ഭാഗമായി ശിക്ഷിക്കപ്പെട്ട 32 പേരിൽ ഒരാളാണ് പായലിന്‍റെ പിതാവ്. 2012ൽ മനോജ് കുക്രാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമാണ് മനോജിനെ ജയിലിൽ അടച്ചതെന്ന് അയൽവാസികൾ പറഞ്ഞു. ഇടക്കാല ജാമ്യത്തിൽ അദ്ദേഹം മിക്കപ്പോഴും ജയിലിന് പുറത്താണെന്ന് അവർ പറയുന്നു.