ചാൻസലർ അധികാരം മുൻപേ എടുത്തുമാറ്റിയ ഗുജറാത്ത്; കേരളത്തില്‍ ബിജെപി കുഴങ്ങും
ന്യൂഡല്‍ഹി: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം ബിജെപിയെ വെട്ടിലാക്കും. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ വർഷങ്ങൾക്ക് മുമ്പ് ചാൻസലർ എന്ന നിലയിൽ ഗവർണറുടെ എല്ലാ അധികാരങ്ങളും സംസ്ഥാന സർക്കാർ നീക്കം ചെയ്തിരുന്നു. അതിനു നേതൃത്വം നൽകിയത് മോദിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചാൻസലർ വിഷയത്തിൽ ഉയര്‍ത്തിപ്പിടിച്ച സമാനമായ നിലപാടാണ് കേരള സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 2013 മാർച്ചിൽ, നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ എല്ലാ അധികാരങ്ങളും എടുത്തുകളയുന്ന ഗുജറാത്ത് സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ 2013 സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു.
എന്നാല്‍, യുപിഎ സർക്കാർ നിയമിച്ച അന്നത്തെ ഗവർണർ കമലാ ബെന്നിവാല്‍ ബില്ലിൽ ഒപ്പിട്ടില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഒ.പി.കോഹ്ലിയാണ് ബില്ലിൽ ഒപ്പിട്ടത്. 2015 ജൂൺ മുതൽ ഗുജറാത്ത് ഗവർണർ വൈസ് ചാൻസലർ നിയമനം ഉൾപ്പെടെ ഭരണപരമായ അധികാരങ്ങളൊന്നുമില്ലാത്ത ആലങ്കാരിക ചാൻസലർ പദവി മാത്രമാണ് വഹിക്കുന്നത്. വൈസ് ചാൻസലർ നിയമനം ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്കാണ് മാറ്റിയത്.